ഫാ വർഗീസ് കാലായിൽ വടക്കേതിൽ പത്തനംതിട്ട ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറൽ

ബഹു. ഫാ. വർഗീസ് കാലായിൽ വടക്കേതിൽ പത്തനംതിട്ട ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറൽ
1975 ജനുവരി 11ന് പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര, കാലായിൽ വടക്കേതിൽ, കെ. സി മത്തായി, അന്നമ്മ ദമ്പതികളുടെ ഇളയ മകനായി ജനിച്ച വർഗീസ് അച്ചൻ ചെന്നീർക്കര എം ടി എൽ പി സ്കൂൾ, എസ്എൻഡിപി ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1990 ജൂൺ മാസത്തിൽ വൈദിക പരിശീലനാർത്ഥം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ദൈവശാസ്ത്ര പഠനം നാലഞ്ചിറ സെന്റ് മേരീസ് മേജർ സെമിനാരിയിൽ നിർവഹിച്ചു. 2000 ഡിസംബർ 26 ന് ഭാഗ്യസ്മരണാർഹനായ സിറിൽ മാർ ബസേലിയോസ് തിരുമേനിയുടെ കൈവെയ്പ്പാൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. അമ്പൂരിയിൽ ആരംഭിച്ച വൈദിക ശുശ്രൂഷ ആ പ്രദേശത്തുള്ള വിവിധ ഇടവകകളിൽ മിഷൻ തീക്ഷ്ണതയോടെ തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അമ്പൂരി മാർ ബസേലിയോസ് സ്കൂളിൽ അസിസ്റ്റന്റ് മാനേജറായി ചുമതല ഏറ്റെടുത്ത് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പൗരോഹിത്യത്തിന്റെ ആദ്യനാളുകളിൽ അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ തെക്കൻ മിഷനുകളിൽ ജനത്തോടൊന്നിച്ചു ജീവിച്ച നാളുകൾ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ദിനങ്ങൾ ആയിരുന്നു. മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് കരുത്തായത് പൗരോഹിത്യത്തിന്റെ ആദ്യ നാളുകളിൽ ഈ പ്രദേശങ്ങളിലെ ശുശ്രൂഷയിലൂടെ ലഭിച്ച തിരിച്ചറിവുകളാണ്.
2004 ൽ അദ്ദേഹം പട്ടം അരമനയിൽ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി നിയമിതനായി. വളരെ കൃത്യനിഷ്ഠയോടും കാര്യഗൗരവത്തോടും അദ്ദേഹം നടത്തിയ ശുശ്രൂഷ നിസ്തുലമായിരുന്നു. 2005ൽ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത കാതോലിക്കാ ബാവയായി ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രഥമ സെക്രട്ടറിയായും വർഗീസ് അച്ചൻ ശുശ്രൂഷ ചെയ്തു. പിന്നീട് 2007 മുതൽ പട്ടം സെന്റ് മേരീസ് പ്രസ്സിന്റെ മാനേജർ ആയി ചുമതല എടുത്ത അദ്ദേഹം സ്വതസിദ്ധമായ കഠിനാധ്വാനം വഴി അവിടുത്തെ ജോലികളെല്ലാം നന്നായി നിർവഹിച്ചു.
2010 ൽ പത്തനംതിട്ട രൂപത നിലവിൽ വന്നപ്പോൾ പ്രഥമ ഇടയനായ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അദ്ദേഹത്തെ ഉപരിപഠനാർത്ഥം റോമിലേക്ക് അയച്ചു. പ്രശസ്തമായ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ കമ്മ്യൂണിക്കേഷനിൽ ഉന്നത ബിരുദം നേടിയ അദ്ദേഹം തിരികെ വന്ന് തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് എന്നീ ഇടവകകളിൽ വികാരിയായി ശുശ്രൂഷ ചെയ്തു. 2017 മുതൽ മേക്കൊഴൂർ, ഉതിമൂട് ഇടവകകളുടെ വികാരി, എം എസ് സി സ്കൂളുകളുടെ കറസ്പോണ്ടന്റ്, ശാലോം പ്രസ്സിന്റെ മാനേജർ, ഭദ്രാസനത്തിന്റെ വിവിധ കൗൺസിലുകളിൽ അംഗം എന്നിങ്ങനെ നാനാവിധത്തിലുള്ള ശുശ്രൂഷകളിൽ വ്യാപൃതനായിരിക്കുകയാണ്.
മേക്കൊഴൂർ പ്രദേശത്ത് മനോഹരമായ ഒരു ദേവാലയം ചുരുങ്ങിയ നാളുകൾ കൊണ്ട് അദ്ദേഹം നിർമ്മിച്ചു.
ഏൽപ്പിക്കുന്ന എല്ലാ ജോലികളും കൃത്യമായും ഉത്തരവാദിത്വബോധത്തോടെയും നിർവഹിക്കാനുള്ള ബഹു. കാലായിൽ അച്ചന്റെ സന്നദ്ധതയും നിശ്ചയദാർഢ്യവും പുതിയ ശുശ്രൂഷ വേദിയിലും കൈമുതലാകുമെന്ന് പ്രത്യാശിക്കുന്നു. 2023 ഏപ്രിൽ 12 മുതൽ പത്തനംതിട്ട ഭദ്രാസനത്തിന്റെ വികാരി ജനറൽ എന്ന നിലയിൽ അദ്ദേഹം സമാരംഭിക്കുന്ന ശുശ്രൂഷകൾ ദൈവാനുഗ്രഹപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.